ഉഷ്ണതരംഗം; സൂര്യാതപം മൂലമുള്ള മരണങ്ങള്‍ തടയാന്‍ കര്‍മപദ്ധതിയുമായി ആരോഗ്യ വിദഗ്ധര്‍

മുംബൈ: രാജ്യത്ത് ഉഷ്ണതരംഗം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയില്‍ മാത്രം നാല് ഹീറ്റ് സ്ട്രോക്ക് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂര്യാതപം മൂലമുള്ള മരണസംഖ്യ ഉയരാമെന്ന നിഗമനത്തില്‍ കര്‍മ്മപദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധര്‍. ഉഷ്ണതരംഗങ്ങളെ തുടര്‍ന്ന് ശരീരത്തില്‍ അസാധാരണമായി ഉയര്‍ന്ന താപനില അവുഭവപ്പെടുന്നതോടൊപ്പം നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ വരെ മാറ്റങ്ങള്‍ വരുന്ന അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്.

ഹീറ്റ് സ്ട്രോക്കിനെ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ച്ചില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂളിങ് റൂമുകള്‍ സ്ഥാപിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉയര്‍ന്ന ശരീര താപനില, ഓക്കാനം, തുടര്‍ച്ചയായി വിയര്‍ക്കല്‍, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, കഠിനമായ തലവേദന എന്നീ ലക്ഷണമുള്ള ഹീറ്റ് സ്ട്രോക്ക് അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ വൈദ്യസഹായം തേടണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ രണ്ട് മരണങ്ങളും അകോലയിലും ഒസ്മാനാബാദിലും ഓരോ മരണങ്ങളുമാണ് ഹീറ്റ് സ്ട്രോക്കുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷണങ്ങള്‍ അനുഭവപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടിയന്തിര വൈദ്യസഹായം തേടാന്‍ മടിക്കരുതെന്നും ഈ അവസ്ഥ ജീവന്‍ വരെ അപകടത്തിലാക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published.